പാഠ പുസ്തകം പഠിപ്പിച്ചു തീര്‍ക്കുന്നതാണ് അദ്ധ്യാപകന്റെ കടമയെന്ന് തെറ്റിദ്ധരിക്കുകയും അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുറച്ച് ഹെഡ് മാസ്റ്റര്‍മാരും അദ്ധ്യാപകരും നമുക്കിടയിലുണ്ട് . അവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് ടി.പി. കലാധരന്‍ സാറിന്റെ ഈ ലേഖനം. സയന്‍ഷ്യ ഇത് പുനപ്രസിദ്ധീകരിക്കുകയാണ്. പൊതു വിദ്യാഭ്യാസം രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ - സയന്‍സ് ഇനിഷ്യേറ്റീവ്
(വിദ്യാലയങ്ങളിലെ എസ് ആര്‍ ജി യോഗത്തിലും വിദ്യാഭ്യാസ കൂട്ടായ്മകളിലും ചര്‍ച്ച ചെയ്യാനുളള കുറിപ്പ് )
സമൂഹം വിദ്യാലയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് ആ വിദ്യാലയം തങ്ങളെ എങ്ങനെ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിദ്യാലയ പ്രതിച്ഛായയെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
1.വിദ്യാലയങ്ങള്‍ തമ്മിലുളള മത്സരം,
2.വിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനനിരക്ക്,
3.വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന വാര്‍ത്തകള്‍, വിദ്യാലയവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സമൂഹത്തിനു നല്‍കുന്ന ഫീഡ് ബാക്ക്.
4.പഠനനിലവാരം,
5.അധ്യാപകരെക്കുറിച്ചുളള മതിപ്പ്,
6.വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പരിഗണനകള്‍,
വിദ്യാലയത്തിനു ലഭിക്കുന്ന പിന്തുണ ഇവയെല്ലാം പ്രതിച്ഛായയെ ബാധിക്കും. പ്രതിച്ഛായ നന്നായാല്‍ വിദ്യാലയം കുതിക്കും. അധ്യാപകരും വിദ്യാലയവും കരുതുന്നത് ഇന്നലെ ചെയ്തപോലെ വന്ന് ഒപ്പിട്ട് തന്നാല്‍ കഴിയുന്നപോലെ പഠിപ്പിച്ചുകൊണ്ടിരുന്നാല്‍ പ്രതിച്ഛായ ഉയരുമെന്നാണ്. അത് മിഥ്യാധാരണയാണ്. ബോധപൂര്‍വം പ്രതിച്ഛായ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം.